തിരുവനന്തപുരം: സംഘാടകരെ വിസ്‌മയിപ്പിക്കുന്ന ജനപങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ യാത്ര സിപിഎമ്മിനെതിരായ യാത്രയല്ല. ആദ്യം യാത്രയ്‌ക്കെതിരല്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ യാത്രയ്ക്ക് നയവും രാഷ്ട്രീയവുമില്ലെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വി ഡി സതീശൻ.
മോദിയ്ക്കും ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ പറയുന്നതില്‍ സിപിഎം ഇത്രയും അസ്വസ്ഥരാകുന്നതെന്തിനാണ്. പിണറായി വിജയനോ സിപിഎമ്മോ ജാഥയുടെ അജണ്ടയിലില്ല. യാത്രയ്ക്ക് റൂട്ട് നിശ്ചയിച്ച ശേഷം എ.കെ.ജി സെന്‍ററില്‍ നിന്ന് അനുവാദം വാങ്ങണമെന്നാണോ സിപിഎം പറയുന്നത്. കോണ്‍ഗ്രസ് നടത്തുന്ന യാത്രയുടെ റൂട്ട് നിശ്ചയിക്കാനെങ്കിലും കോണ്‍ഗ്രസിനെ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യാനെത്തുന്നത്. ഇതാണോ സിപിഎമ്മിനെ ഇത്രയും അസ്വസ്ഥമാക്കുന്നതെന്നറിയില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ വിദേശ യാത്രയിലൂടെ 300 കോടി രൂപയുടെ വികസനം വന്നുവെന്ന സര്‍ക്കാരിന്‍റെ അവകാശവാദം തെറ്റാണെന്ന് സതീശന്‍ ആരോപിച്ചു. കിഫ്ബിയുടെ മസാല ബോണ്ട് വില്‍പന മാത്രമാണ് വിദേശയാത്രയിലൂടെ ഇതുവരെ നടന്നിട്ടുള്ളത്. അതാകട്ടെ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്‍റി നിന്നതു കൊണ്ടു മാത്രവും. അല്ലാതെ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതിലൂടെ ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശ യാത്രയ്ക്ക് യുഡിഎഫ് എതിരല്ല. പക്ഷേ, 80 തവണ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തു പോയി വരുമ്പോള്‍ അതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടം എന്തെന്നു കൂടി ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Also Read: കെ ഫോൺ ട്രാൻസ്ഗ്രിഡിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതി: വി ഡി സതീശൻ