തിരുവനന്തപുരം : പ്രതിപക്ഷത്തെ ശുദ്ധി പഠിപ്പിക്കാൻ മുഖ്യമന്ത്രി സന്യാസിവര്യനാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു കമ്യൂണിസ്റ്റ് പുസ്‌തകങ്ങളിലും ശുദ്ധിയെ കുറിച്ചുള്ള ഉപദേശം കണ്ടിട്ടില്ല. ആരോപണങ്ങൾക്ക് മറുപടി പറയാതെ ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ശൈലിയെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടിസുകൾ അംഗീകരിക്കുകയും മറുപടി പറയാതിരിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. വിമർശനങ്ങൾക്ക് മറുപടി പറയാതെ മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടി വേണ്ടെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.