തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നൽകണമെന്ന് സർവകലാശാലയോട് നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത്തരമൊരു നിർദേശം ഗവർണർ നൽകിയിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. വഴിവിട്ട് ഡി ലിറ്റിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം ഗവർണർ അത്തരമൊരു ശുപാർശ നൽകിയിട്ടുണ്ടെങ്കിൽ അത് മറച്ചുവച്ച് ഇപ്പോൾ ആരോപണമുന്നയിക്കുന്നത് കണ്ണൂർ സർവകലാശാല വി.സി നിയമനം സംബന്ധിച്ച വിവാദത്തിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാരിൻ്റെ തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ALSO READ: ചോദ്യങ്ങള്‍ക്ക് മറുപടി വേണം; കെ-റെയിലിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
കൊവിഡ് കാലത്ത് ചെറിയ കാര്യങ്ങൾ പോലും വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി കൊവിഡിൻ്റെ പേരിൽ നടന്ന കൊള്ള അറിഞ്ഞിട്ടുണ്ടെന്നും, എന്നാൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യമാണെന്നും ഇത് തീവ്ര വലതുപക്ഷ വ്യതിയാനമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
സംസ്ഥാനത്തെ പൊലീസ് ആരുപറഞ്ഞാലും കേൾക്കാത്ത നിലയിലാണെന്നും പൊലീസിലുള്ള നിയന്ത്രണം സർക്കാരിന് നഷ്ടപ്പെട്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവളത്ത് പൊലീസ് നടപടിയെ തുടർന്ന് വിദേശി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.