തിരുവനന്തപുരം : പുതുതായി അവശ്യവസ്‌തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ 5 ശതമാനം നികുതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്നതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം. ജി.എസ്.ടി കൗണ്‍സില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സംസ്ഥാനങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് ചൂണ്ടിക്കാട്ടി പുതുതായി ഏര്‍പ്പെടുത്തിയ ജി.എസ്.ടി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് വി.ഡി.സതീശന്‍ അവകാശപ്പെട്ടു.
നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കിയതുമാണ്. 18 മുതലാണ് പുതിയ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ സംസ്ഥാനത്തും 5 ശതമാനം ജി.എസ്.ടി ഈടാക്കുകയാണ്. എന്നിട്ട് 5% ജി.എസ്.ടി സംസ്ഥാനത്ത് ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്. എന്താണ് ജി.എസ്.ടി തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കാന്‍ ഇത്രയും താമസം.
ഇത്രയും ദിവസം വാങ്ങിയ ജി.എസ്.ടിക്ക് ആര് സമാധാനം പറയും. ജി.എസ്.ടി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം വന്ന ശേഷമാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. ഇതില്‍ എന്ത് പ്രസക്തിയാണുള്ളത്. തീരുമാനിച്ച കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണിതെന്നും സതീശന്‍ ആരോപിച്ചു.