തിരുവനന്തപുരം: സിയാല്‍ പോലുള്ള കമ്പനികളുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ലേല നടപടികള്‍ക്കായി അദാനിയുമായി ബന്ധമുള്ള കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയതില്‍ തട്ടിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേസമയം അദാനിയെ സഹായിക്കുകയും മറുവശത്ത് എതിര്‍ക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്‍റെതെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് കെഎസ്‌എഫ്‌ഡിസിയുടെ ചെയര്‍മാനായി ഗുജറാത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച തുക അറിഞ്ഞ ശേഷമാണ് അദാനി അതിലും ഉയര്‍ന്ന തുക നല്‍കി ലേലം സ്വന്തമാക്കിയത്. ലേല നടപടികള്‍ക്ക് ശേഷം ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ നീക്കി. ഇതൊന്നും യാഥൃശ്ചികമായി കാണാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അദാനിയുമായി കള്ളക്കച്ചവടം നടത്തുകയും അവര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ച സാഹചര്യത്തില്‍ സംയുക്ത പ്രമേയം പാസാക്കാനുള്ള സര്‍വകക്ഷിയോഗം സംബന്ധിച്ച് തിങ്കളാഴ്‌ച ചേരുന്ന യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.