തിരുവനന്തപുരം: ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് കൊള്ള ലാഭം നേടിക്കൊടുക്കാനുള്ള ശ്രമമാണ് സംസ്ഥാന പൊലീസ് വകുപ്പ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . 180 കോടി രൂപയുടെ ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് പദ്ധതി ചെറുകിട സ്വകാര്യ കമ്പനിയായ മീഡിയോ ട്രോണിക്‌സ് എന്ന കമ്പനിക്ക് കൈമാറാനാണ് പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മീഡിയോ ട്രോണിക്‌സ് എന്ന കമ്പനിക്ക് 180 കോടി രൂപയുടെ പദ്ധതി നടത്താൻ ശേഷിയില്ലെന്നും ഈ കമ്പനി വിവാദമായ ഗാലക്സോൺ കമ്പനിയുടെ ബിനാമിയാണെന്നതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്നാണ് ഡിജിപി പദ്ധതി ഒപ്പിടാതെ മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്ന പദ്ധതിയാണിത്. പിഴ ഇനത്തില്‍ 90 ശതമാനം വരുമാനവും സര്‍വീസ് ചാര്‍ജ്, മെന്‍റനന്‍സ് ചാര്‍ജ് എന്ന പേരില്‍ കമ്പനി തന്നെ ഈടാക്കും . ബാക്കി പത്ത് ശതമാനമാണ് സര്‍ക്കാരിലേക്ക് ലഭിക്കുക.
എന്നാല്‍ പിഴ വരുമാനത്തിന്‍റ 60 ശതമാനവും സര്‍ക്കാരിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയെ ടെണ്ടറില്‍ കെല്‍ട്രോണ്‍ തഴഞ്ഞു. കേരള പൊലീസിനെ സ്വകാര്യ മേഖലക്ക് തീറെഴുതി നല്‍കുകയാണെന്നും ലോക്‌നാഥ് ബെഹാറ ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസാണെന്നും ചെന്നിത്തല പരിഹസിച്ചു.