തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ഇതേതുടര്‍ന്ന്, ടിഡിഎഫിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിപക്ഷം മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു.
ക്ലിഫ് ഹൗസിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാൻ ആണ് സംഘടനയുടെ തീരുമാനം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം ഉറപ്പാക്കുക, നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടി, സ്വിഫ്റ്റ് കമ്പനി എന്നിവ പിൻവലിക്കുക, പുതിയ ബസുകൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ടിഡിഎഫിന്‍റെ ക്ലിഫ് ഹൗസ് മാർച്ച്.
കൃത്യമായി ശമ്പളം നല്‍കിയത് രണ്ട് മാസം: എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരു മാസമാണ് പാലിക്കപ്പെട്ടതെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് 80 മാസമായെങ്കിലും വെറും രണ്ട് മാസമാണ് കൃത്യമായി ശമ്പളം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജീവനക്കാർക്ക് കൃത്യം ഒന്നാം തീയതിയാണ് ശമ്പളം നൽകിയിരുന്നതെന്ന് മുൻ മന്ത്രി വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു.
മാനേജ്മെന്‍റും സർക്കാരും മനപൂർവം തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. അതേസമയം, ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി ഈ മാസം 30 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 20 കോടി രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റ് ധനവകുപ്പിന് കത്തയച്ചിരുന്നു.
ഒരു മാസത്തെ ശമ്പള വിതരണത്തിനായി 87 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ധനവകുപ്പ് 20 രൂപ കൂടി അനുവദിച്ചാൽ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാനാകും. പ്രതിദിന കലക്ഷൻ വരുമാനം ഡീസൽ അടക്കമുള്ള മറ്റ് അത്യാവശ്യ ചെലവുകൾക്ക് വിനിയോഗിക്കുന്നതിനാലാണ് ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം അഭ്യർഥിക്കുന്നതെന്നാണ് മാനേജ്മെന്‍റ് വാദം.
ശമ്പളം നല്‍കിയില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി പൂട്ടാന്‍ ഹൈക്കോടതി: കെഎസ്ആർടിസിക്ക് സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ നിലപാടായിരിക്കാം അതെന്നും മന്ത്രി പറഞ്ഞു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചു.
എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ മാസവും 10ന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ജസ്‌റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാന്‍ കെഎസ്ആർടിസിക്ക് ഹൈക്കോടതി താക്കീത് നൽകി. ബുധനാഴ്‌ചയ്ക്കകം ശമ്പളം നല്‍കാനായി നിര്‍ദേശിച്ച് കൊണ്ടായിരുന്നു താക്കീത്. ബുധനാഴ്‌ചക്കകം ശമ്പളം നല്‍കുമെന്ന് മാനേജ്‌മെന്‍റ് കോടതിയെ അറിയിച്ചു.
സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടുമെന്നായിരുന്നു കോടതിയുടെ മറുപടി.