തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാത്രിയും സെക്രട്ടേറിയറ്റിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. യുവമോർച്ച, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേയ്ക്ക് ചാടിക്കടക്കാൻ ശ്രമിച്ചു. തുടർന്ന് ഇവർക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. പിന്നാലെ എത്തിയ യൂത്ത് ലീഗ് മാർച്ചിലും നേരിയ സംഘർഷം ഉണ്ടായി. സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങളാണ് നടന്നത്. നിരോധനാജ്ഞ ലംഘിച്ച് നിരവധി പ്രവർത്തകരാണ് ഓരോ സമരത്തിലും പങ്കെടുത്തത്.