തിരുവനന്തപുരം: കേരള സർവകലാശാല ഉത്തരക്കടലാസ് ചോർച്ച അന്വേഷിക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിക്ക് എതിരെ പ്രതിപക്ഷം രംഗത്ത്. സിപിഎം അംഗങ്ങൾ മാത്രമുള്ള ഉപസമിതിയെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതിന് മൂന്ന് സിപിഎം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചത്. ഉപസമിതിയിൽ സിപിഐ പ്രതിനിധിയായ അഡ്വ. അജിയെ ഉൾപ്പെടുത്താൻ വൈസ് ചാൻസലർ വി പി മഹാദേവൻപിള്ള സിൻഡിക്കേറ്റ് യോഗത്തിൽ നിർദേശിച്ചിരുന്നു. എന്നാല്‍ അധ്യാപകർ മാത്രം മതിയെന്ന നിലപാടിൽ സിപിഎം അംഗങ്ങൾ ഉറച്ചു നിന്നതോടെ സിപിഐ പ്രതിനിധി ഉപസമിതിയില്‍ നിന്നും പുറത്താവുകയായിരുന്നു.
കെ ബി മനോജ് കൺവീനറായ സമിതിയിൽ ഡോ. കെ ജി ഗോപ്‌ചന്ദ്രൻ, പ്രൊഫ. കെ ലളിത എന്നിവരാണ് അംഗങ്ങൾ. മൂന്ന് പേരും സിപിഎം പ്രതിനിധികളാണ്. സിപിഎം ഉപസമിതി അന്വേഷണം തട്ടിപ്പാണെന്നും സിബിഐ അന്വേഷണമാണ് വേണ്ടതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് പറഞ്ഞു. ഉപസമിതി അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.