തിരുവനന്തപുരം: മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായത്തോടെ ഭക്ഷ്യപൊതുവിതരണ വകുപ്പ് ‘ഓപ്പറേഷൻ യെല്ലോ’ എന്ന പേരിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പു മന്ത്രി ജി ആര്‍ അനില്‍. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.
അനർഹമായി മുൻഗണന കാർഡ് ഉള്ളവരെക്കുറിച്ച് വകുപ്പിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 91885 27301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. അനർഹരെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ കഴിഞ്ഞ ഒരു വർഷത്തിനകം നൽകി.
സംസ്ഥാനത്ത് ആകെയുള്ള 92.61 ലക്ഷം കാർഡ് ഉടമകളിൽ 43.94% പേരാണ് മുൻഗണന വിഭാഗത്തിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.