തിരുവനന്തപുരം : അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാറശാല ചെക്ക് പോസ്റ്റില്‍ നിന്ന് 11,900 രൂപ പിടിച്ചെടുത്തു. ചെക്ക് പോസ്റ്റിന് സമീപത്തുള്ള ടയര്‍ കടയിലെ ടയറിന് അടിയില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പാറശാലയ്ക്ക് പുറമെ പാലക്കാട് ജില്ലയിലെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 85,000 രൂപയും വേലന്താവളത്ത് നിന്ന് 4000 രൂപയും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ (Vigilance Inspection) പിടിച്ചെടുത്തു.
ഓണക്കാലം കണക്കിലെടുത്ത് 'ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്' (Operation Treasure Hunt) എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉറവിടം വ്യക്തമാകാത്ത പണം പിടിച്ചെടുത്തത്. (Money Seized in Check post). സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകളിലാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ 5.30 മുതലാണ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന ആരംഭിച്ചത്.
എക്‌സൈസ് വകുപ്പിന്‍റെ (Excise) കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മോട്ടോര്‍ വാഹന വകുപ്പിന്‍റെ (Motor Vehicle Department) 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ (Department of Animal Welfare) കീഴിലുള്ള 19 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് മിന്നല്‍ പരിശോധന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ വഴി കടത്തിവിടുന്നതായി വിജിലന്‍സിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിന്‍റെ എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തി സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിവരുന്നത്.
ഓണ വിപണി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് എത്തുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തിൽ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ പല വാഹനങ്ങളും അതിര്‍ത്തിയില്‍ കൈക്കൂലി കൊടുത്ത് പരിശോധനകളില്‍ നിന്നും വ്യാപകമായി രക്ഷപ്പെടുന്നതായി വിജിലന്‍സിന് വിവരം ലഭിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. വരും ദിവസങ്ങളിലും സംസ്ഥാനത്തേക്ക് റോഡ് മാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് പരിശോധനയും നടപടിയും കൂടുതൽ ശക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.