തിരുവനന്തപുരം: ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ സംസ്ഥാന വ്യാപകമായുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധന ആരംഭിച്ചു. കർട്ടനും കൂളിംഗ് ഫിലിമും മാറ്റാത്ത വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഉദ്യോഗസ്ഥർ പകർത്തും. തുടർന്ന് നിയമ ലംഘനം ചൂണ്ടിക്കാട്ടി ഉടമയ്‌ക്ക് എസ്.എം.എസ് ആയി സന്ദേശം അയക്കും. ഇതിന് ശേഷം കൂളിംഗ് ഫിലിം ഉൾപ്പടെ നീക്കി അടുത്തുള്ള ആർ.ടി. ഓഫീസിൽ വാഹനം കാണിക്കണം. പിഴ ഓൺലൈനായി അടയ്‌ക്കാം. നിലവിൽ 1250 രൂപയാണ് പിഴയായി ഈടാക്കുക. മാറ്റാൻ തയ്യാറാകാത്തവരുടെ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കും.
മന്ത്രിമാരുടെ ഉൾപ്പടെ സർക്കാർ, അർധ സർക്കാർ വാഹനങ്ങൾക്കും നിയമം ബാധകമാണ്. ഇവയ്‌ക്കെതിരെയും നടപടി ഉണ്ടാകും. വാഹനത്തിനുള്ളിലെ കാഴ്‌ചകൾ മറയ്‌ക്കുന്ന തരത്തിൽ കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ എന്നിവ പാടില്ലെന്ന സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കാൻ കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിട്ടത്.