തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് അനർഹർ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്. ഇന്നലെ കലക്‌ടറേറ്റുകളിൽ നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം നിർദേശം നൽകിയത്.
പരിശോധനയുടെ ഭാഗമായി രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള എല്ലാ രേഖകളും വിശദമായി പരിശോധിക്കും. ഓരോ ജില്ലയിലും എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കലക്‌ടറേറ്റിലെ രേഖകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
അർഹരായ അപേക്ഷകരെ ഉപയോഗിച്ച് ഇടനിലക്കാർ അവരെക്കൊണ്ട് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുകയും അപേക്ഷ നൽകുന്ന വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോൺ നമ്പറിന് പകരം ഏജന്‍റിന്‍റെ ഫോൺ നമ്പർ ആണ് നൽകുന്നത്. അപേക്ഷകന്‍റെ അക്കൗണ്ടിൽ പാസായി എത്തുന്ന തുകയുടെ ഒരു വിഹിതം ഏജന്‍റുമാർ കൈപ്പറ്റുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്.
എറണാകുളത്ത് സമ്പന്നരായ വിദേശ മലയാളികൾക്ക് ദുരിതാശ്വാസ സഹായം അനുവദിച്ചു. രണ്ട് ലക്ഷം വരുമാന പരിധിയുള്ളവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം അനുവദിക്കുന്നത്. എന്നാൽ, എറണാകുളത്ത് ദുരിതാശ്വാസ സഹായം ലഭിച്ച പ്രവാസികളിലൊരാൾക്ക് ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ പേരിൽ ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി സഹായം കൈപ്പറ്റി.
ഡോക്‌ടർമാരും ഇടനിലക്കാരും ഏജന്‍റുമാരും അടങ്ങുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. എന്നാൽ, ഇയാൾ ഹാജരാക്കിയത് എല്ലുരോഗ വിദഗ്‌ധൻ നൽകിയ സർട്ടിഫിക്കറ്റാണ്. കോട്ടയത്തും ഇടുക്കിയലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടിയതായും വിജിലൻസ് കണ്ടെത്തി.