തിരുവനന്തപുരം: വിപ്ലവനക്ഷത്രം കെ.ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്‌കരണങ്ങള്‍ക്കും കെ.ആർ ഗൗരിയമ്മ നല്‍കിയ സംഭാവന വളരെ വലുതാണെന്നും അവരുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണെന്നും ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
കൂടുതൽ വായിക്കാൻ: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ.ആര്‍ ഗൗരിയമ്മ
രാഷ്ട്രീയത്തില്‍ കനല്‍ വഴികള്‍ താണ്ടി ജനമനസ്സ് കീഴടക്കിയ നേതാവാണ് കെ.ആര്‍ ഗൗരിയമ്മയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിവുറ്റ വനിത നേതാക്കളില്‍ പ്രഗത്ഭയാണ് ഗൗരിയമ്മ. ഇഎംഎസ് മന്ത്രിസഭയില്‍ ഭരണപാടവം തെളിയിച്ച നേതാവാണവര്‍. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ മറ്റുനേതാക്കളില്‍ നിന്ന് എന്നും വ്യത്യസ്തയാക്കി.
കൂടുതൽ വായിക്കാൻ: കെ.ആർ ഗൗരിയമ്മ അന്തരിച്ചു
പതിമൂന്ന് തവണ നിയമസഭാംഗവും ആറുതവണ മന്ത്രിയുമായിരുന്ന ഗൗരിയമ്മയുടെ ഭരണ നൈപുണ്യത്തിന് നിരവധി തെളിവുകളുണ്ട്. കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശീല വീണത്. താനുമായി എന്നും നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ് ഗൗരിയമ്മ. അവരുടെ വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താന്‍ കഴിയാത്ത വിടവാണെന്നും മുല്ലപ്പള്ളി അനുശോചിച്ചു.