തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പറിന് റെക്കോഡ് സമ്മാനത്തുക. 25 കോടി രൂപയാണ് ഓണം ബമ്പറടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. സമ്മാനത്തുക ഉയര്‍ത്താനുള്ള ലോട്ടറി വകുപ്പിന്‍റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
സമ്മാനത്തുക ഉയര്‍ത്തുന്നതോടെ ടിക്കറ്റ് വിൽപനയില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ലോട്ടറി വകുപ്പ്. രണ്ടാം സമ്മാനത്തില്‍ അടക്കം വര്‍ധന വരുത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് ഇത്തവണത്തെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരു കോടി രൂപ ലഭിക്കും.
സമ്മാനത്തുക ഉയര്‍ത്തിയതിനൊപ്പം ടിക്കറ്റ് വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 500 രൂപയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ടിക്കറ്റിന്‍റെ വില. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധനയാണ് സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 300 രൂപയുമായിരുന്നു. തിങ്കളാഴ്‌ച(18.07.2022) മുതലാണ് ടിക്കറ്റ് വിൽപന ആരംഭിക്കുന്നത്. സെപ്‌റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനം ലഭിക്കുന്ന ആളിന് ഏജന്‍റിന്‍റെ കമ്മിഷനും നികുതികളും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും. മൊത്തത്തില്‍ നാല് ലക്ഷം സമ്മാനങ്ങളാണ് ഓണം ബമ്പറില്‍ ഉണ്ടാവുക.