തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനവുമായി കേരള സര്‍ക്കാറിന്‍റെ ഓണം ബമ്പര്‍ ലോട്ടറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവുമുയർന്ന ഒന്നാം സമ്മാനമാണ് ഇത്തവണ നല്‍കുന്നത്. രണ്ടാം സമ്മാനം അഞ്ച് കോടിയാണ്. മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് സീരീസുകളിലായി പത്തു പേർക്ക്.
നാലാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേർക്ക്. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുക. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സെപ്റ്റംബർ 18 ന് നടക്കും. പുതുക്കിയ സുരക്ഷ സംവിധാനങ്ങളോടെയാണ് ഓണം ബമ്പർ പുറത്തിറങ്ങിയത്.
ഒന്നിലധികം സ്ഥലങ്ങളിൽ വേര്യബിൾ ഡേറ്റാ രീതിയിൽ ടിക്കറ്റുകളിൽ നമ്പർ രേഖപ്പെടുത്തും. കട്ടി കൂടിയ പേപ്പറിലാണ് അച്ചടിക്കുക. കളർ ഫോട്ടോസ്റ്റാറ്റ് തട്ടിപ്പ് തടയാൻ ഫ്ലൂറസെന്‍റ് മഷിയിലാണ് അച്ചടി.
ഓണം ബമ്പറിന് 300 രൂപ വിലയുണ്ടായിരുന കഴിഞ്ഞ വർഷം 54 കോടിയാണ് ആകെ സമ്മാനം നൽകിയത്. 500 രൂപയായി വിലയും സമ്മാനത്തുകയും ഉയർത്തിയത് ഓണം ബമ്പറിനെ കൂടുതൽ ജനകീയമാക്കുമെന്ന് ലോട്ടറി പ്രകാശനം നിർവഹിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മന്ത്രി ആന്‍റണി രാജു, നടൻ സുധീർ കരമന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.