തിരുവനന്തപുരം: കണ്ട് ഇഷ്‌ടപ്പെടുമ്പോഴാണ് നാം നായ കുഞ്ഞുങ്ങളെ വാങ്ങുകയോ ദത്തെടുക്കുകയോ ഒക്കെ ചെയ്യാറുള്ളത്. എന്നാല്‍ നായ കുഞ്ഞുങ്ങൾക്ക് തങ്ങളുടെ യജമാനന്മാരെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കിയിരിക്കുക ഒരു കൂട്ടം മൃഗസ്നേഹികൾ. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മൃഗസ്നേഹി സംഘടനകളുടെ അഭിമുഖ്യത്തില്‍ നടന്ന ഓളം ഫെസ്റ്റിവെല്ലാണ് ഈ കൗതുക കാഴ്‌ചയ്‌ക്ക് വേദിയായത്.
ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ ആദ്യം ഇവിടെയെത്തി യോഗ ചെയ്യണം. തുടര്‍ന്ന് നായ കുട്ടികൾ നിങ്ങൾക്കിടയിൽ വിലസും. കളിച്ചും കടിപിടികൂടിയും കുറച്ച് നേരം ചിലവഴിക്കും. പിന്നീട് തങ്ങൾക്കിഷ്‌ടപ്പെട്ട മനുഷ്യ സുഹൃത്തുമായി ചങ്ങാത്തം സ്ഥാപിക്കും. തുടർന്ന് യോഗ കഴിഞ്ഞ് പുതിയ ചങ്ങാതികളോടൊപ്പം പുതിയ ജീവിതത്തിലേക്ക് തിരിക്കും.
'പെറ്റ്സ് യോഗ ഇന്ത്യ' എന്ന മൃഗസ്നേഹി സംഘടനയാണ് പലയിടത്തായി തെരുവിൽ അലഞ്ഞ് തിരിയുന്ന നായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താല്‍പര്യമുള്ളവരിലേക്ക് എത്തിക്കുന്ന ഈ പരിപാടിയുടെ പ്രധാന സംഘാടകർ. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ വിജയകരമായി സംഘടിപ്പിച്ചതിന് ശേഷമാണ് ഈ നവീന ആശയവുമായി ഒരു പറ്റം മൃഗസ്നേഹികൾ തലസ്ഥാനത്തെത്തി ഓളം ഫെസ്റ്റിലിന് തുടക്കം കുറിച്ചത്.
തെരുവ് നായകള്‍ക്ക് സംരക്ഷണമൊരുക്കുന്ന 'പീപ്പിൾ ഫോർ അനിമൽസ്' എന്ന എൻജിഒയുടെ സംരക്ഷണയിലുള്ള നായ കുഞ്ഞുങ്ങളെയാണ് ഈ രീതിയിൽ ദത്ത് നൽകുക. നായ കുഞ്ഞുങ്ങളെ തങ്ങൾ പൂർണമായും സൗജന്യമായാണ് ദത്ത് നൽകുന്നതെന്നും രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്ന തുകയും തെരുവ് നായ സംരക്ഷണത്തിനുള്ള ഭാവി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നാണ് സംഘാടകർ പറയുന്നത്. കോവിഡാനന്തരം ചെന്നൈയിലെ തെരുവ് നായകള്‍ക്ക് സംരക്ഷണമൊരുക്കാനായി ഒരു കൂട്ടം യുവാക്കളാണ് 'പെറ്റ്സ് യോഗ ഇന്ത്യ' എന്ന എൻ.ജി.ഒ ആരംഭിച്ചത്.