തിരുവനന്തപുരം: ശബരിമലയിൽ ഈ സീസൺ കാലത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല. സാധാരണ ദിവസങ്ങളില്‍ 2000 പേർക്കും അവധി ദിവസങ്ങളിൽ 3000 പേർക്കുമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഈ സ്ഥിതി തുടരാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
സന്നിധാനത്തെ ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ലെന്ന് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സന്നിധാനത്ത് മാത്രം 36 ജീവനക്കാർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. 238 പേരിൽ നടത്തിയ പരിശോധനയിലാണ് 36 പേർക്ക് രോഗം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഭക്തരുടെ എണ്ണം വർധിപ്പിക്കുന്നത് പ്രതിരോധ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്നത്തെ യോഗം വിലയിരുത്തി.