തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ യുഡിഎഫിന് തന്നെയെന്ന് വീണ്ടും സൂചന നല്‍കി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കാന്‍ പ്രധാന കാരണമെന്ന് എന്‍എസ്എസ് ആസ്ഥാനത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്‌എസ് പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ അനുസരിക്കില്ലെന്ന് മുമ്പും പലവട്ടം പല നേതാക്കളും പറഞ്ഞിട്ടുണ്ട്. പക്ഷേ അതെല്ലാം സമുദായാംഗങ്ങള്‍ പുച്ഛിച്ചു തള്ളിയിട്ടേയുള്ളൂവെന്നും അദ്ദേഹം പ്രസ്‌താവിച്ചു.
ഇടതു സര്‍ക്കാര്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കുക മാത്രമല്ല ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി നിലകൊള്ളുകയും ചെയ്യുന്നു. നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതിമത ചിന്ത ഉയര്‍ത്തിയും മുന്നാക്ക- പിന്നാക്ക വിഭാഗങ്ങളില്‍ എല്‍ഡിഎഫ് ചേരിതിരിവുണ്ടാക്കുന്നു. മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ പലതും തടഞ്ഞു വെച്ചിരിക്കുന്നു. ഇതൊക്കെ പലവട്ടം ഉന്നയിച്ചെങ്കിലും അതിനൊന്നും മറുപടി പറയാതെ എന്‍എസ്‌എസിനെ നിസാരമായി തള്ളിക്കളഞ്ഞാല്‍ അത് ജനങ്ങള്‍ അംഗീകരിക്കില്ല. സാമൂഹിക നീതിക്ക് വേണ്ടിയാണ് എന്‍എസ്‌എസ് ഈ തെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിച്ചിരിക്കുന്നതെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും ആനുകൂല്യം കൈപ്പറ്റാനല്ലെന്നും പത്രക്കുറിപ്പില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി.