തിരുവനന്തപുരം: തുലാവര്‍ഷം ഇന്ത്യന്‍ തീരം തൊട്ടു. സംസ്ഥാനത്ത് നാളെയാകും (30.10.22) തുലാവര്‍ഷമെത്തുക. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകള്‍ എന്നിവിടങ്ങളിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണായ തുലാവര്‍ഷം കരതൊട്ടിരിക്കുന്നത്. ഈ വര്‍ഷം തുലാവര്‍ഷത്തില്‍ശക്തമായ മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെയോടെ തുലാവര്‍ഷം കേരളതീരം തൊടാനാണ് സാധ്യത. ഇന്ന് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ (ഒക്‌ടോബര്‍ 30) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കൂടി സജീവമായാല്‍ വരും ദിവസങ്ങള്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നവംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നവംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.