തിരുവനന്തപുരം: തലസ്ഥാനം മുഴുവനായും അടച്ചിട്ട് നിയന്ത്രണം തുടരേണ്ട സാഹചര്യമില്ലെന്ന് മേയർ കെ. ശ്രീകുമാർ. ആവശ്യമുള്ള സ്ഥലങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകളായി തുടർന്നും, തീവ്രവ്യാപന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിർത്തിയുമുള്ള നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. നഗരത്തിലെ ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് മേയർ ഇക്കാര്യം അറിയിച്ചത്.
ക്വാറന്‍റൈൻ ലംഘിച്ച് പുറത്തിറങ്ങിയെന്ന ആരോപണം മേയർ തള്ളി. താൻ ക്വാറന്‍റൈനിൽ ആയിരുന്നില്ല എന്നാണ് വിശദീകരണം. ഓരോ പത്ത് ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന നടത്തിയിരുന്നുവെന്നും എല്ലായ്‌പ്പോഴും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ താൻ സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൗൺസിലർമാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അതിനാൽ നിരീക്ഷണത്തിൽ തുടരേണ്ട സാഹചര്യമില്ലെന്നും മേയർ പറഞ്ഞു.