തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് സർക്കാർ. ടിപിആര്‍ കണക്കാക്കുമെങ്കിലും അത് പ്രസിദ്ധീകരിക്കുകയോ നിയന്ത്രണങ്ങള്‍ക്ക് അടിസ്ഥാനമാക്കുകയോ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
വാക്‌സിനേഷനില്‍ ബഹുദൂരം മുന്നിലേക്ക് പോകാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം ഉള്‍പ്പെടെ തീരുമാനിക്കുന്നത് നേരത്തെ തന്നെ ടിപിആറില്‍ നിന്നും ഡബ്ല്യു.ഐ.പി.ആര്‍ ആക്കി മാറ്റിയിരുന്നു. ജനസംഖ്യയുടെ അനുപാതം കൂടി കണക്കാക്കിയാണ് ഡബ്ല്യു.ഐ.പി.ആര്‍ കണക്കാക്കുന്നത്. ഇത് ഇനി അടിസ്ഥാന രേഖയാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വാക്‌സിനേഷനിൽ ബഹുദൂരം മുന്നിൽ
ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 32.17 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
വാക്‌സിനേഷനിൽ വളരെ ദൂരം മുന്നിലേക്ക് പോയതിനാല്‍ തന്നെ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാമെന്ന വിദഗ്‌ധ നിര്‍ദേശമാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചതും സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതും.
ആശ്വാസമായി കണക്കുകൾ
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. പ്രതിദിന രോഗികളുടെ എണ്ണം നാൽപതിനായിരം വരെ കടക്കുമെന്ന് ആശങ്കയുണ്ടായെങ്കിലും അത് ഉണ്ടാകാത്തത് ആരോഗ്യ സംവിധാനത്തിന് നല്‍കിയ ആശ്വാസം ചെറുതല്ല. കഴിഞ്ഞ മൂന്ന് ദിവസവും ഇരുപതിനായിരത്തില്‍ താഴെയാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകള്‍.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍ ശരാശരി 2,25,022 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളായിട്ടുള്ള 1,90,750 പേരില്‍ 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഈ കണക്കുകൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് കേരളം കൂടുതൽ ഇളവുകളെ പറ്റി ചിന്തിക്കുന്നത്. ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം ഇളവുകളെ പറ്റി പരിശോധിക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കും.
സീറോ സർവൈലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് എത്രപേരില്‍ കൊവിഡ് ആന്‍റിബോഡിയുണ്ടെന്ന് കണ്ടെത്തുന്നതിന് സീറോ സര്‍വൈലന്‍സ് പരിശോധന നടത്തിവരികയാണ്. ഇതിന്‍റെ റിപ്പോര്‍ട്ട് ശനിയാഴ്ചത്തെ ഉന്നതല യോഗം പരിശോധിക്കും.
നേരത്തെ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ക്കും കൊവിഡ് വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ സാഹചര്യത്തില്‍ നിന്നും വാക്‌സിനേഷനിലടക്കം ഏറെ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതിരോധ ശേഷി ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ടാകാം എന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. സീറോ സര്‍വൈലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടാകൂ.