തിരുവനന്തപുരം: കിറ്റക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനയൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. മറ്റ് ചില വകുപ്പുകളുടെയും സെക്‌ടര്‍ മജിസ്‌ട്രേറ്റിന്‍റെയും പരിശോധനയാണ് കിറ്റക്‌സില്‍ നടന്നത്. കിറ്റക്‌സ് ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായി പരാതികളൊന്നും വ്യവസായ വകുപ്പിന് നല്‍കിയിട്ടില്ല. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത തേടാതെ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്‌താവനകള്‍ നടത്തരുതെന്നും പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
കിറ്റക്‌സ് ഉന്നയിച്ച പരാതികള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഫിക്കി, സിഐഐ തുടങ്ങിയ വ്യവസായ സംഘടന പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്‌തിരുന്നതായും ആ യോഗത്തില്‍ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തില്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ അവ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതമെന്നും പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തുടര്‍ച്ചയായി സര്‍ക്കാര്‍ റെയ്‌ഡ് നടത്തുന്നുവെന്നാരോപിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുമെന്ന് കിറ്റക്‌സ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.