തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി സിഎജി റിപ്പോർട്ട് പുറത്തുവിട്ട തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഗവർണർ പുറത്താക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഔദ്യോഗിക രഹസ്യം പുറത്തുവിട്ടത് ഗുരുതര പിഴവാണ്. കിഫ്ബിയിലെ പരിശോധന സംബന്ധിച്ച് സിഎജി നൽകിയത് കരട് റിപ്പോർട്ടാണെന്ന പച്ച കള്ളമാണ് ധനമന്ത്രി പറഞ്ഞത്. കാര്യങ്ങൾ ജനങ്ങളോട് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. വികസനം എന്നത് അഴിമതി നടത്താനുള്ള ലൈസൻസായി സർക്കാർ കരുതുന്നത് അപഹാസ്യമാണ്. ലാവ്‌ലിൻ കേസ് ധനമന്ത്രി ഉന്നയിക്കുന്നത് മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാനാണ്. സിപിഎമ്മിനുളളിലെ ആഭ്യന്തര സംഘർഷങ്ങളാണ് പ്രതിഫലിക്കുന്നത്. മുഖ്യമന്ത്രിയെ കൊണ്ട് ധനമന്ത്രി ചുട് ചോറ് വാരിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
മസാല ബോണ്ട് പുറത്തിറക്കുന്ന കാര്യം ലാവ്‌ലിനിൻ്റെ സബ്‌സിഡയറി കമ്പനി മാത്രം നേരത്തെ അറിഞ്ഞത് എങ്ങനെയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കിളി പോയ അവസ്ഥയിലാണെന്നും ധനമന്ത്രി കള്ളം മാത്രമാണ് പറയുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.