തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കൊവിഡ് മുക്ത രേഖ നിർബന്ധമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. യാത്രക്കു മുൻപ് കൊവിഡില്ലെന്ന് ഉറപ്പു വരുത്താനുള്ള ട്രൂനാറ്റ് ടെസ്റ്റ് നൂറു ശതമാനവും അപ്രയോഗികമാണ്. ഇത് ഫലപ്രദമല്ലെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിഞ്ഞ് തീരുമാനം പിൻവലിക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഇതേ ദുരഭിമാനമായിരുന്നു മുഖ്യമന്ത്രിക്ക് ശബരിമല വിഷയത്തിലും ഉണ്ടായിരുന്നത്. ശബരിമല വിഷയത്തിൽ ജനങ്ങളെ സവർണൻ, അവർണൻ എന്ന് രണ്ട് വിഭാഗമാക്കാനായിരുന്നു ശ്രമം. സമാനമായി ഇപ്പോൾ കേരളത്തിനകത്തുള്ളവർ പുറത്തു നിന്നുമെത്തുന്നവർ എന്ന രണ്ട് വിഭാഗമാക്കാനാണ് ശ്രമിക്കുന്നത്. കൊവിഡിനെ രാഷ്ട്രീയ ദുരുപയോഗത്തിനാണ് സർക്കാർ വിനിയോഗിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
ആരോഗ്യ മന്ത്രിയെപ്പറ്റി കെ.പി.സി.സി പ്രസിഡന്‍റ് നല്ല വാക്കുകളാണ് പറഞ്ഞതെന്നും ആർ. എസ്.പി. നേതാക്കൾ വ്യക്തമാക്കി. പരിഹസിച്ചതിൽ കവിഞ്ഞ് അശ്ലീല വാക്കുകളൊന്നും ഉണ്ടായിരുന്നില്ല .ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിൽ ധാർമിക അവകാശം ആർക്കുമില്ലെന്നും ആർ.എസ്.പി. നേതാക്കളായ എ.എ അസീസ്, ഷിബു ബേബി ജോൺ എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.