തിരുവനന്തപുരം: രണ്ടാമത് നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഗസല്‍ തുടങ്ങി പാശ്ചാത്യ സംഗീതമുള്‍പ്പടെയുള്ള വിവിധ സംഗീത ശാഖകളില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞര്‍ മണ്‍സൂണ്‍ രാഗാസില്‍ അണിനിരക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ ശനിയാഴ്‌ച വൈകിട്ട് ഉണ്ണികൃഷ്‌ണ പാക്കനാരും സംഘവും അവതരിപ്പിക്കുന്ന ബാംബൂ സിംഫണിയും ചിത്രവീണ എന്‍ രവികിരണിന്റെ നേതൃത്വത്തിലുള്ള ചിത്രവീണ കച്ചേരിയും അരങ്ങേറും.
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതോത്സവത്തില്‍ എല്ലാ ദിവസവും വൈകിട്ട് 6.30 ന് പ്രശസ്ത സംഗീതജ്ഞര്‍ നയിക്കുന്ന സംഗീത പരിപാടികള്‍ നടക്കും. സമാപനദിവസമായ 24 ന് ഈ വര്‍ഷത്തെ നിശാഗന്ധി സംഗീത പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാളിനും ശാസ്‌ത്രീയ സംഗീതജ്ഞന്‍ പത്മഭൂഷണ്‍ ടി വി ഗോപാലകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.