തിരുവനന്തപുരം: നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി നിർമ്മലൻ ഫെബ്രുവരി 19ന് ഹാജരാകണമെന്ന് കോടതിയുടെ അന്ത്യശാസനം. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന നിർമ്മലന്‍റെ ആവശ്യം തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതി തള്ളി. ഹാജരാകുന്ന ദിവസം കാര്യ വിവര പത്രിക ഹാജരാക്കാനും മുൻസിഫ് ജിഷാ മുകുന്ദൻ ഉത്തരവിട്ടു.
നിർമ്മൽ കൃഷ്‌ണ ചിട്ടി ഫണ്ടിലും നിർമ്മൽ കൃഷ്‌ണ നിധി ലിമിറ്റഡ് സേവിങ്സ് അക്കൗണ്ടിലുമായി 7,67000 രൂപ നിക്ഷേപിച്ച ക്യാൻസർ രോഗിയും, കന്നുമാമൂട് സ്വദേശിനിയുമായ വീട്ടമ്മയും മകളും സമർപ്പിച്ച കേസിൽ നിർമ്മലിനോടും ഒഫീഷ്യൽ റിസീവറോടും ഈ മാസം 13ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മലൻ കൂടുതൽ സമയം തേടിയത് കോടതി വിമർശിച്ചു.
700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുകേസിൽ കേരളത്തിലേയും തമിഴ്‌നാട്ടിലേയും അനവധിപേരാണ് വഞ്ചിക്കപ്പെട്ടത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്കും നിർമ്മലനും എതിരെ കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ എക്കണോമിക് ഒഫൻസ് വിംഗും കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മധുര കോടതിയിലും കേസ് നടന്നുവരികയാണ്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളായ നിർമ്മലനും കൂട്ടുപ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. നിർമ്മലന്‍റെ ഭാര്യ രേഖ സഹോദരിമാരായ ലേഖ, ഉഷകുമാരി, ജയ, സ്ഥാപനത്തിന്‍റെ മാനേജർ ശേഖരന്‍റെ ഭാര്യ ശാന്തകുമാരി എന്നിവരാണ് മറ്റു പ്രതികൾ.