തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസികളായ എൻഐഎയുടെയും ഇഡിയുടെയും പരിശോധന. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് കേന്ദ്ര സേനകളുടെ റെയ്‌ഡ്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്‌ത കേസുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫിസിലും മറ്റു ജില്ല ഓഫിസികളിലുമാണ് റെയ്‌ഡ്. തിരുവനന്തപുരത്തെ മണക്കാടെ ജില്ല കമ്മിറ്റി ഓഫിസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ എൻഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവ് അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്‍റ് ഇ എം അബ്‌ദു റഹ്മാൻ, കോട്ടയം ജില്ല പ്രസിഡന്‍റ് സൈനുദീൻ എന്നിവരുടെ വീട്ടിലും പരിശോധന നടക്കുകയാണ്.
പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ജില്ല പ്രസിഡന്‍റിന്‍റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോടുള്ള ജില്ല കമ്മിറ്റി ഓഫിസിലുമാണ് പരിശോധന നടക്കുന്നത്. എസ്‌ഡിപിഐ കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസിലും എന്‍ഐഎ പരിശോധന നടക്കുകയാണ്. കണ്ണൂര്‍ താണയിലുള്ള ഓഫിസിലാണ് റെയ്‌ഡ്.
കാസര്‍കോട്: എസ്‌ഡിപിഐ കാസർകോട് ജില്ല കമ്മിറ്റി ഓഫിസിൽ എൻഐഎയുടെ റെയ്‌ഡ് പുരോഗമിക്കുന്നു. പെരുമ്പളയിലെ ജില്ല കമ്മിറ്റി ഓഫിസിലാണ് പരിശോധന. രാവിലെ തുടങ്ങിയ റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.
വയനാട്: എൻഐഎ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ കേന്ദ്രങ്ങളിൽ നടത്തുന്ന റെയിഡിൻ്റെ ഭാഗമായി മാനന്തവാടിയിലും റെയ്‌ഡ്. മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്‍റ് പരിസരത്തെ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ നാലര മുതൽ പരിശോധന നടത്തിയത്.
നാൽപ്പതോളം വരുന്ന സി ആർ പി എഫ് ജവാൻമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ജില്ലയിൽ മാനന്തവാടിയിൽ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം. പരിശോധന നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും പോപ്പുലർ ഫ്രണ്ട് പറഞ്ഞു.
കോട്ടയത്ത് ഒരാൾ കസ്റ്റഡിയിൽ: ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്‌ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡിയിലെടുത്തു.
മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയ്‌ഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് പരിശോധനക്കായി സ്ഥലത്തെത്തിയത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി നജുമുദീനെയാണ് ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്‍റെ കോഴിക്കോട്ടെ സംസ്ഥാന ഓഫിസില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. വിവിധ ഓഫിസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്‌തകങ്ങളും എന്‍ ഐ എ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.