തിരുവനന്തപുരം: മഴ മാറി, മാനം തെളിഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരം ആരംഭിച്ചു. ഇന്ന് സൗത്ത് ആഫ്രിക്കയും ന്യൂസിലൻഡുമാണ് ഗ്രീൻഫീൽഡിൽ ഏറ്റുമുട്ടുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം ആരംഭിച്ചത്.
ടോസ് നേടിയ ന്യൂസീലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 43 ഓവറുകൾ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 265 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് മുഴുവൻ ഓവറുകളും പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സെപ്റ്റംബർ 29 മുതലാണ് കാര്യവട്ടത്ത് ലോകകപ്പ് സന്നാഹ മത്സരങ്ങൾ ആരംഭിച്ചതെങ്കിലും ശക്തമായ മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെ ദക്ഷിണാഫ്രിക്ക - അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സെപ്റ്റംബർ 30 ശനിയാഴ്‌ച ഓസ്ട്രേലിയയും നെതർലൻഡ്‌സും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകിയാണ് ആരംഭിച്ചത്.
50 ഓവർ മത്സരം 23 ഓവറായി ചുരുക്കിയെങ്കിലും മഴ വീണ്ടും തുടർന്നതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഒക്ടോബർ 1 ഞായറാഴ്‌ച ഗ്രീൻഫീൽഡിൽ സന്നാഹ മത്സരങ്ങൾ ഉണ്ടായിരുന്നില്ല. ഒക്ടോബർ 3 ചൊവ്വാഴ്‌ചയാണ് ഇന്ത്യ ഗ്രീൻഫീൽഡിൽ കളിക്കാൻ ഇറങ്ങുന്നത്. നെതർലൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹ മത്സരം.
മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ തുമ്പ സെൻ്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. രാവിലെ 10 മുതൽ 1 മണി വരെയായിരുന്നു നെതർലൻഡ്‌സ് പരിശീലനത്തിനിറങ്ങിയത്. സന്നാഹ മത്സരത്തിനായി ഇന്നലെ വൈകിട്ട് 4.28 നാണ് ഇന്ത്യൻ ടീം തിരുവനന്തപുരം ഡൊമസ്‌റ്റിക് വിമാനത്താവളത്തിൽ എത്തിയത്.
ശക്തമായ മഴയിലും നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരങ്ങളെ കാണാനായി വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ഇന്ത്യൻ ടീമിന് കോവളം ലീല പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കുൽദീവ് യാദവ് അടക്കമുള്ള താരങ്ങൾ കോവളം ബീച്ചിന്‍റെ വശ്യ മനോഹര ദൃശ്യങ്ങൾ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ - നെതർലൻഡ്‌സ് മത്സരത്തിനും മഴ മാറി നിൽക്കണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.
ഒക്ടോബർ 5ന് അഹമ്മദാബാദിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ലോകകപ്പിലെ ആദ്യ മത്സരം. ഒക്ടോബർ 8ന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 19ന് അഹമ്മദാബാദിലാണ് ലോകകപ്പ് ഫൈനൽ നടക്കുക. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണുള്ളത്.