തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ജൂലി (36)യെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 15 ന് വെളുപ്പിനായിരുന്നു ജൂലി വീടിന് സമീപത്തെ ശുചിമുറിയില്‍ പ്രസവിച്ചത്.
പ്രസവത്തിന് ശേഷം കത്രിക കൊണ്ടാണ് പൊക്കിള്‍കൊടി മുറിച്ച് മാറ്റിയത്. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചതോടെ കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളിലെ ബക്കറ്റില്‍ കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ച ശേഷം വീട്ടിലെ വെട്ടുകത്തി കൊണ്ട് കുഴിയെടുത്ത് കുഞ്ഞിനെ കുഴിച്ചുമൂടി.
വീടിന് സമീപത്തെ പൈപ്പിനടുത്താണ് നവജാതശിശുവിനെ അമ്മ കുഴിച്ചുമൂടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇവര്‍ സ്ഥിരമായി സ്ഥലം പരിശോധിക്കാറുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 18 ന് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ കുഴി തെരുവു നായ്‌ക്കള്‍ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ ഈ കുഴി മൂടുകയും ചെയ്‌തു.
എന്നാൽ തെരുവ് പട്ടികള്‍ കുഞ്ഞിന്‍റെ മൃതദേഹം റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. വിധവയായ ജൂലിക്ക് കുഞ്ഞ് ജനിച്ചാലുണ്ടാകുന്ന അപമാന ഭയം കാരണമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. അഞ്ചുതെങ്ങ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജൂലിയെ കസ്റ്റഡിയിലെടുത്തത്.
ആദ്യം ജൂലി കുറ്റം നിഷേധിച്ചിരുന്നെങ്കിലും വൈദ്യപരിശോധനയില്‍ ജൂലി അടുത്തിടെ പ്രസവിച്ചിരുന്നതായി തെളിഞ്ഞു. പിന്നീട് ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തപ്പോഴാണ് ജൂലി കുറ്റം സമ്മതിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊല്ലണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി ജൂലി പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. ജൂലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
also read : നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ്
നവജാത ശിശുവിന്‍റെ മരണം ദുരഭിമാനക്കൊല : മെയ് 12 നാണ് ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശുവിനെ ദുരഭിമാനത്തിന്‍റെ പേരിൽ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. അതിഥി തൊഴിലാളികളായ രണ്ടുപേർ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
പ്രസവത്തോടെ കുട്ടി മരിച്ചെന്നാണ് ഇരുവരും നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്. എന്നാൽ യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും ആരോഗ്യ പ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. തുടർന്ന് പ്രസവത്തിന് ശേഷം ആശുപത്രിയിലെത്തിയ മാലതിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച കാര്യം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്‍റെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
also read : Newborn Died | അശുഭ സമയത്ത് ജനനം, അമ്മയോടൊപ്പം നാടുകടത്തിയ നവജാതശിശു അസുഖം ബാധിച്ച് മരിച്ചു