തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് ആശ്വാസമായി ആരോഗ്യ വകുപ്പിന്‍റെ പുതിയ തീരുമാനം. വന്‍ ചിലവു വരുന്ന സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിലാണ് ഇത്തരത്തില്‍ ശസ്‌ത്രക്രിയയ്‌ക്കായി സംവിധാനമൊരുക്കുന്നത്.
നട്ടെല്ലിന്‍റെ വളവ് ശസ്‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി. എട്ട് മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ 300ല്‍ പരം സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറികള്‍ നടത്തിയതിന്‍റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്.
എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്‌തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജിലും യാഥാര്‍ത്ഥ്യമാക്കുന്നത്. എന്‍എച്ച്എം സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി എസ്എംഎ രോഗികള്‍ക്ക് ലഭിക്കുക. ഈ ശസ്‌ത്രക്രിയക്കായി എന്‍എച്ച്എം വഴി അനസ്‌തീഷ്യ ഡോക്‌ടറുടെ സേവനം അധികമായി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
ശസ്‌ത്രക്രിയ നടത്തുന്നതിനായി പ്രത്യേകമായി ഓപ്പറേഷന്‍ ടേബിളുകള്‍ സജ്ജമാക്കും. എസ്എംഎ രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്എംഎ ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചിരുന്നു. എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.
ഇതുകൂടാതെയാണ് എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്. സാമ്പത്തിക ബാധ്യതമൂലം ചികിത്സ വഴിമുട്ടിയ നിരവധി രോഗബാധിതര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എസ്എംഎ രോഗികള്‍ക്ക് ശസ്‌ത്രക്രിയ അടക്കമുളള ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.