തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി വിഐപി സുരക്ഷയ്‌ക്കായി ഐപിഎസ് തസ്‌തിക സൃഷ്‌ടിച്ച് സര്‍ക്കാര്‍. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡറായ ജി.ജയദേവ് ഐപിഎസിനെയാണ് പുതിയ തസ്‌തികയില്‍ നിയമിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ വിഐപികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ പദവി. ഇന്‍റലിജന്‍സ് മേധാവിയുടെ കീഴിലാണ് ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുക.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് ഐജി പദവിയുടേതിന് തത്തുല്യമായാണ് പുതിയ തസ്‌തിക. മുഖ്യമന്ത്രിക്ക് അടക്കം സുരക്ഷ വര്‍ധിപ്പിച്ചരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തസ്‌തികയെന്നതും ശ്രദ്ധേയമാണ്.
ബജറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധിക സുരക്ഷ ഒരുക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ഇതിനിടെയാണ് പുതിയ തസ്‌തിക. ഇതിന് പുറമെ കോസ്റ്റല്‍ പൊലീസില്‍ എഡിജിപിയുടെ എക്‌സ് കേഡര്‍ പോസ്റ്റും സൃഷ്‌ടിച്ചിട്ടുണ്ട്.
ഈ പോസ്റ്റിലേക്ക് സപ്ലൈകോ എംഡിയായിരുന്ന സന്‍ജീബ് കുമാര്‍ പട്ജോഷിയെ നിയമിച്ചു. പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗുഗുലോത്ത് ലക്ഷ്‌മണിനെ പൊലീസ് ട്രെയിനിങ് ഐജിയായി നിയമിച്ചു.
പൊലീസിന്‍റെ അധികാരമുപയോഗിച്ച് മോന്‍സണ്‍ മാവുങ്കലിനെ സംരക്ഷിച്ചെന്ന് ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് 2021 നവംബര്‍ മുതല്‍ ഗുഗുലോത്ത് ലക്ഷ്‌മണ്‍ സസ്‌പെന്‍ഷനിലായിരുന്നു.