തിരുവനന്തപുരം: ലോക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങുന്നവരെ കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനുമായി പൊലീസ്. 'റോഡ് വിജിൽ' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വാഹനങ്ങളുടെ നമ്പർ, പോകുന്ന സ്ഥലം, ആവശ്യം എന്നിവ പൊലീസ് രേഖപ്പെടുത്തും. കള്ളം പറഞ്ഞ് പുറത്തിറങ്ങി പാത മാറി സഞ്ചരിക്കുന്നവർക്ക് ഇതോടെ പിടിവീഴും. തിരുവനന്തപുരം സിറ്റി പൊലീസാണ് പരിശോധനയ്ക്കായി റോഡ് വിജിൽ സംവിധാനമേർപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി നഗരത്തിൽ വാഹന പരിശോധന നടത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്.
പരിശോധനാ കേന്ദ്രങ്ങൾ കടന്നുപോകുന്ന ഓരോ വാഹനത്തിന്‍റെയും നമ്പർ, പോകുന്ന സ്ഥലം, ആവശ്യം എന്നിവയാണ് ആപ്ലിക്കേഷനിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നത്. അടുത്ത ചെക്കിങ് പോയിന്‍റിൽ റൂട്ട് പരിശോധന നടത്തുന്നവർക്ക് വാഹനത്തിന്‍റെ നമ്പർ ഉപയോഗിച്ച് യാത്രക്കാർ തെറ്റായ വിവരമാണോ നൽകിയതെന്നും കണ്ടെത്താനാകും. നഗരത്തിൽ കഴിഞ്ഞ ദിവസം ലോക് ഡൗൺ ലംഘിച്ച 98 പേർക്കെതിരെ കേസെടുക്കുകയും 81 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. റോഡ് വിജിൽ ആപ്ലിക്കേഷനിലൂടെ കണ്ടെത്തുന്ന ലോക് ഡൗൺ ലംഘകർക്കെതിരെയും പകർച്ചവ്യാധി നിരോധന നിയമപ്രകാരമാകും കേസെടുക്കുക.