തിരുവനന്തപുരം : നിയമസഭയിലെ ചോദ്യോത്തര വേളയിൽ ആദ്യ ചോദ്യവുമായി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അരൂർ ,വട്ടിയൂർക്കാവ് എം.എൽ.എ മാർ . ടൂറിസവുമായി ബന്ധപ്പെട്ടാണ് അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനും വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തും നിയമസഭയിൽ ഇന്ന് ചോദ്യങ്ങൾ ഉന്നയിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസം തന്നെയാണ് ഷാനിമോൾ ഉസ്മാനും ,വി.കെ പ്രശാന്തിനും ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ഊഴം ലഭിച്ചത്. വിനോദസഞ്ചാര മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച വിഷയത്തിലാണ് ഷാനിമോൾ ഉസ്‌മാന്‍റെ ചോദ്യം. കായൽ ടൂറിസത്തിന് മണ്ഡലത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിനും വനിതകൾക്കായുള്ള പ്രത്യേക പദ്ധതിയെക്കുറിച്ചുമാണ് ഷാനിമോൾ ഉസ്മാൻ ചോദ്യം ഉന്നയിച്ചത്. നഗരത്തിൽ ടൂറിസം ഗൈഡുകളുടെ കുറവ് നികത്തുന്നതിനായി കൂടുതൽ ഗൈഡുകളെ നിയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു വി.കെ പ്രശാന്തിന്റെ ചോദ്യം.
വനിതകൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്ന കാര്യം പരിശോധിക്കാമെന്നും ഘട്ടം ഘട്ടമായി ഗൈഡുകളുടെ നിയമനം നടത്തുന്ന കാര്യം പരിശോധിക്കാമെന്നും വി.കെ പ്രശാന്തിനും ഷാനിമോൾ ഉസ്‌മാനും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.