തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ ദീർഘദൂര യാത്രകൾ നടുവൊടിക്കുമെന്ന പരാതികൾ ഇനി വേണ്ട. ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ കെട്ടിലും മട്ടിലും നിരവധി പരിഷ്ക്കാരങ്ങളുമായെത്തുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ പുത്തൻ സൂപ്പർഫാസ്റ്റ് ബസുകൾ. യാത്രക്കാരുടെ സുരക്ഷയ്ക്കായി മുൻവശത്തും പിൻവശത്തും 360 ഡിഗ്രി കാമറ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാൻ മൈക്ക് അനൗൺസ്മെൻ്റ്, ജിപിഎസ്, മൂന്ന് എമർജൻസി വാതിലുകൾ, സൗകര്യപ്രദമായ സീറ്റുകൾ ഇങ്ങനെ നീളുന്നു പുതിയ സൂപ്പർഫാസ്റ്റ് ബസുകളുടെ സവിശേഷതകൾ.
38 ലക്ഷം രൂപയാണ് ഒരു ബസിൻ്റെ ചെലവ്. കിഫ്ബി കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ട് മുഖേനയാണ് 131 ബസുകൾ വാങ്ങിയത്. ഇതിൽ 35 ബസുകളും തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റിൻ്റെ ആസ്ഥാനത്തെത്തി. അശോക് ലെയ്‌ലാന്‍ഡിന്‍റെ 12 മീറ്റർ ഷാസിയിൽ എസ് എം പ്രകാശ് എന്ന ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയാണ് ബോഡി നിർമ്മിച്ചിരിക്കുന്നത്.
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ബസിൻ്റെ നിർമ്മാണം. ബസിൽ 3 എമർജൻസി എക്‌സിറ്റ് വാതിലുകളുണ്ട്. മുന്നിലും പിന്നിലും ഉൾപ്പെടെ മൂന്ന് 360 ഡിഗ്രി കാമറകളാണ് ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്. അപകടങ്ങൾ പരമാവധി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്‍റ് വിലയിരുത്തുന്നത്.
സീറ്റിങ് കപ്പാസിറ്റി കൂടും: നിലവിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളുടെ നീളം 11 മീറ്ററും സീറ്റുകളുടെ എണ്ണം 52 ഉം ആണ്. പുതിയ ബസിൽ 55 സീറ്റുകളാണുള്ളത്. എയർ സസ്പെൻഷനുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ബിഎസ്6 ശ്രേണിയിലുള്ള വാഹനത്തിൽ ട്യൂബ് ലസ് ടയറുകളാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സൗകര്യപ്രദമായ സീറ്റുകളാണ് ബസിലുള്ളത്. സ്വിഫ്റ്റിൻ്റെ ആസ്ഥാനത്തെത്തിച്ച 35 ബസുകളിൽ 12 ബസുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. മുഴുവൻ ബസുകളുടെയും രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അടുത്ത മാസം ബജറ്റ് ടൂറിസം സർവീസിനായി ബസ് നൽകും.
തുടർന്ന് പഠനത്തിന് ശേഷമാകും ബസുകൾ ഏതൊക്കെ റൂട്ടുകളിലേക്ക് നൽകുമെന്ന് തീരുമാനിക്കുന്നത്. അതോടെ നിലവിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസിനായി നൽകും. പുത്തൻ ബസുകളിൽ യാത്ര ചെയ്യാനുള്ള ആവേശത്തിലാണ് യാത്രക്കാരും.
ടിക്കറ്റെടുക്കാം, ഡിജിറ്റല്‍ പേമെന്‍റിലൂടെ: ഏപ്രില്‍ മാസം മുതല്‍ സ്വിഫ്‌റ്റ്, ഡീലക്സ് എന്നി ശ്രേണിയില്‍പ്പെട്ട ബസുകളില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കെഎസ്‌ആര്‍ടിസി. യാത്രയ്ക്കിടെ കൈവശം ചില്ലറയില്ലാത്തതിന്‍റെ പേരില്‍ യാത്രക്കാരും കണ്ടക്ടറും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാകുമെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്‍റ്.
കെഎസ്‌ആര്‍ടിസിയില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ മാസം ആദ്യം നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. പേരൂർക്കട ഡിപ്പോയിൽ നിന്നും മണ്ണന്തല-കുണ്ടമൺകടവ്-തിരുമല റൂട്ടിൽ സര്‍വീസ് നടത്തുന്ന ഫീഡർ ബസിലായിരുന്നു ഫോണ്‍ പേ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്.