തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നതുൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ഭർത്താവിന്‍റെ സമ്മർദത്തെ തുടർന്നാണ് യുവതിക്കെതിരെ മകൻ മൊഴി നൽകിയതെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രംഗത്ത് വന്നിരുന്നു. വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ ദുരൂഹത നീക്കാനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ചിരിക്കുന്നത്.
എഫ്ഐആറിൽ പേര് ചേർത്തതിനെതിരെ നേരത്തെ ജില്ല ശിശുക്ഷേമ സമിതി അധ്യക്ഷ അഡ്വ.എൻ സുനന്ദ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ശിശുക്ഷേമ സമിതി. ജില്ലാ ശിശുക്ഷേമ സമിതി അല്ല കേസ് പൊലീസിന് റഫർ ചെയ്തത്. അതുകൊണ്ട് തന്നെ വിവരം നൽകിയ ആളായി തന്‍റെ പേര് ചേർക്കാൻ കഴിയില്ല. ഇത് തിരുത്തണം. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിക്ക് കൗൺസിലിങ് നൽകുകയും അതിന്‍റെ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു.