തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 8 മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഔദ്യോഗിക വാഹനം അനുവദിച്ച് ടൂറിസം വകുപ്പ്. ഇന്നോവ ക്രിസ്‌റ്റ കാറുകളാണ് മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും അനുവദിച്ചത്. മന്ത്രിമാരായ പി പ്രസാദ്, ശിവന്‍കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്‌റ്റിൻ, വി അബ്‌ദുറഹിമാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്‌റ്റ വാങ്ങിയത്.
ചീഫ് സെക്രട്ടറി ഡോ വിപി ജോയിക്കും പുതിയ ഇന്നോവ ക്രിസ്‌റ്റ വാങ്ങി. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ലഭിച്ച ഇന്നോവ ക്രിസ്‌റ്റ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് ജില്ലയിലെ യാത്രയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇതോടെ മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക കാറുകളായി.
പുതിയ കാറുകള്‍ മന്ത്രിമാര്‍ കൈപ്പറ്റിയെങ്കിലും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാത്രം കാര്‍ കൈപ്പറ്റിയിട്ടില്ല. ബജറ്റ് അവതരിപ്പിച്ച ശേഷം മതി പുതിയ വാഹനം എന്ന നിലപാടിലാണ് ബാലഗോപാല്‍. 2021 ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ അനുവദിച്ചിരുന്നു.
ഒന്നര വര്‍ഷം പൂര്‍ത്തിയാകും മുന്‍പാണ് പുതിയ വാഹനങ്ങള്‍ വീണ്ടും അനുവദിക്കുന്നത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെയാണ് മന്ത്രിമാരുടെ വാഹനം ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങള്‍ നിശ്ചയിച്ച കിലോമീറ്റര്‍ പൂര്‍ത്തിയായതിനാലാണ് പുതിയവ വാങ്ങിയതെന്നാണ് വിശദീകരണം. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്നോവ ക്രിസ്‌റ്റ കാറിന് പുറമേ കിയ കാര്‍ണിവല്‍ കാറും ഔദ്യോഗിക വാഹനമായുണ്ട്. സുരക്ഷ കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് കിയ കാര്‍ണിവല്‍ വാങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മന്ത്രിമാരുടെ കാറിന്‍റെ നിറം വെളുപ്പാണെങ്കിലും മുഖ്യമന്ത്രിയുടെ രണ്ട് ഔദ്യോഗിക വാഹനങ്ങളുടെയും നിറം കറുപ്പാണ്.