തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്കാരത്തിന്‍റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനുമായി പൊലീസ്. ജനുവരിയോടെ ആപ്പ് പുറത്തിറക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കുന്നതിന് ആറ് ചീറ്റ വാഹനങ്ങളും നഗരത്തിൽ ഏർപ്പെടുത്തും. നേരത്തെ ഉണ്ടായിരുന്ന വൈറ്റ് പട്രോൾ മാതൃകയിലായിരിക്കും ചീറ്റ സംഘത്തിന്റെ പ്രവർത്തനം.
ഗതാഗത പ്രശ്ന പരിഹാരത്തിന് നിർദ്ദേശങ്ങൾ സമാഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.
പത്തുലക്ഷത്തിലധികം വാഹനങ്ങളാണ് ദിവസവും നഗരത്തിൽ ഓടുന്നത്. എന്നാൽ ഗതാഗത നിയന്ത്രണത്തിനുളള പൊലീസുകാരുടെ എണ്ണം 20 വർഷം മുമ്പത്തെ നിലയിലാണ്. ഗൾഫ് രാജ്യങ്ങളിലെ പോലെ ഗതാഗതനിയന്ത്രണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് ശ്രമം.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ മൂലം നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് യോഗത്തിൽ ചർച്ചയായി. സമരങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന നിർദ്ദേശവും ഉയർന്നു.