തിരുവനന്തപുരം: സിറ്റിങ് സീറ്റുകൾ മറ്റു പാർട്ടികൾക്ക് നൽകുന്ന പതിവ് ഇടതുമുന്നണിക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരൻ മാസ്റ്റർ. പാലായിൽ എൻസിപി തന്നെ മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ മുന്നണിയിൽ ആരംഭിക്കുന്നതേയുള്ളൂ. ഇന്നത്തെ യോഗത്തിൽ സീറ്റ് ചർച്ച അജണ്ടയിലില്ല. ഉഭയകക്ഷി ചർച്ചകളിലാണ് സീറ്റിന്‍റെ കാര്യങ്ങൾ ചർച്ചയാവുക. ആ സമയം പാലാ സീറ്റിന്‍റെ കാര്യം ഉന്നയിക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
മന്ത്രി എ കെ ശശീന്ദ്രൻ പാർട്ടി പ്രവർത്തകരുടെ പ്രത്യേകം യോഗം വിളിച്ചത് സംബന്ധിച്ച് ശരത് പവാറിനോട് പരാതി പറഞ്ഞിട്ടില്ല. താൻ കത്തയച്ചു എന്ന് മാണി സി കാപ്പൻ പറഞ്ഞെങ്കിൽ അത് മാണി സി കാപ്പനോട് തന്നെ ചോദിക്കണം. ശരത് പവാറുമായി ചർച്ചകൾ തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ശരത്പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഉമ്മൻചാണ്ടി അടക്കമുള്ള ഉള്ള കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ പീഡനക്കേസ് സിബിഐക്ക് കൈമാറിയത് സ്വാഭാവിക നടപടി മാത്രമാണ്. കിട്ടിയ പരാതികളില്‍ നടപടിയെടുത്തത് അസ്വാഭാവികതയില്ലെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു.