തിരുവനന്തപുരം: കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റ് എൻസിപിക്ക് തന്നെ. സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിന് ശേഷം എല്‍ഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. അതേസമയം കുട്ടനാടിനൊപ്പം ചവറയിലും ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കുട്ടനാട് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവെച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നാണ് സൂചന.
അതേസമയം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാർ ഫ്രാൻസിസ് ജോർജ് യോഗത്തിനെത്തിയില്ല. എന്നാൽ ജനാധിപത്യ കേരള കോൺഗ്രസ് അംഗങ്ങളായ ഡോ.കെ.സി.ജോസഫും ആൻറണി രാജുവും യോഗത്തിനെത്തി.
കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ സർക്കാർ പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ ജനകീയ പിന്തുണ വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഈ മാസം പ്രഖ്യാപിച്ച പൊതു പരിപാടികൾ എല്‍ഡിഎഫ് ഉപേക്ഷിച്ചു. ലൈഫ് മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികൾ എല്‍ഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് എ. വിജയരാഘവൻ അവകാശപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ എല്‍ഡിഎഫ് തുടരും. മതാധിഷ്ടിതമായ കാഴ്ച്ചപ്പാടുകൾ തുറന്നു കാട്ടി പൊതുജനങ്ങൾക്കിടയിൽ ക്യാമ്പയിൻ സംഘടിപ്പിക്കാനും കേന്ദ്ര സർക്കാരിന്‍റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുമെന്നും എല്‍ഡിഎഫ് കൺവീനർ പറഞ്ഞു.