തിരുവനന്തപുരം: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി ഘോഷയാത്ര ആരംഭിച്ചു. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. പരമ്പരാഗതമായ രീതിയിൽ തന്നെയാണ് തേവാരക്കെട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ ദൈവ വിഗ്രഹങ്ങളെ തലസ്ഥാനത്തേക്ക് എഴുന്നള്ളിക്കുന്നത്. രാവിലെ കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പൂജിക്കുന്ന ഉടവാൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കന്യാകുമാരി ദേവസ്വം അധികൃതർക്ക് കൈമാറിയതോടെയാണ് നവരാത്രി എഴുന്നള്ളത്ത് ഘോഷയാത്ര ആരംഭിച്ചത്.
സാധാരണ ആനപ്പുറത്ത് എഴുന്നള്ളിക്കാറുള്ള സരസ്വതി വിഗ്രഹത്തെ ഇത്തവണ പ്രത്യേക വാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. ഇന്ന് കുഴിത്തുറയിലും നാളെ നെയ്യാറ്റിൻകരയിലും ഇറക്കി പൂജ നടത്തും. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ വിഗ്രഹങ്ങൾ തലസ്ഥാന നഗരത്തിൽ എത്തും. ശനിയാഴ്‌ചയാണ് നവരാത്രിപൂജ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരു സംസ്ഥാനങ്ങളും അതീവ ശ്രദ്ധയോടെയാണ് എഴുന്നള്ളിപ്പ് സംഘടിപ്പിക്കുന്നത്. ഭക്തരുടെ തിരക്ക് പൂർണമായും ഒഴിവാക്കിയാണ് യാത്ര. പരമ്പരാഗത രീതിക്ക് പകരം പ്രത്യേക വാഹനങ്ങളിൽ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പരമ്പരാഗത രീതിയിൽ തന്നെ നടത്താൻ തീരുമാനമായത്.