തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിന് ഇന്ന് സമാപനം (Navakerala Sadas Final Day). വൈകുന്നേരം ആറിന് വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജിലാണ് സമാപന സമ്മേളനം (Navakerala Sadas Ends Today). കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും നവംബര്‍ 18 നായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം ആരംഭിച്ചത്.
ഔദ്യോഗിക സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. ഇടപ്പഴഞ്ഞി ആര്‍ഡി ആര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നടത്തുന്ന പ്രഭാത യോഗം. കോവളം, നേമം, കഴക്കൂട്ടം, എന്നീ മണ്ഡലങ്ങളിലെ പരിപാടികള്‍ പിന്നാലെ നടക്കും. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സദസാണ് അവസാനം നടക്കുക.
സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവച്ചിരുന്നു. തൃപ്പുണിത്തറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ പരിപാടികളായിരുന്നു മാറ്റിവച്ചത്. ഈ മണ്ഡലങ്ങളില്‍ ജനുവരി 1, 2 തീയതികളില്‍ നവകേരള സദസ് നടക്കും.
അതേസമയം, നവകേരള സദസിന്‍റെ സമാപന ദിവസത്തിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് ഇന്ന് കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തുന്നുണ്ട്. രാവിലെ 10 മണിക്കാണ് മാര്‍ച്ച്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരികങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതിനെതിരെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള മാര്‍ച്ച്.