തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ 24 മണിക്കൂര്‍ പണിമുടക്ക് തെക്കന്‍ കേരളത്തില്‍ പൂര്‍ണം. പണിമുടക്ക് പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചതിനാല്‍ ഹര്ത്താലിന്റെ പ്രതീതിയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രാക്കാര്‍ ദുരിതത്തിലായി.
ആര്‍.സി.സി, മെഡിക്കല്‍ കോളജ്, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേയ്ക്ക് എത്തിയ ജനങ്ങളാണ് കൂടുതല്‍ ദുരിതത്തിലായത്. മെഡിക്കല്‍ കോളജ്, ആര്‍.സി.സി എന്നിവിടങ്ങളിലേയ്ക്ക് പൊലീസ് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംഘടനകൾ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ശബരിമലയിലേയ്ക്കുള്ള തിരുവനന്തപുരം-പമ്പ സര്‍വീസൊഴികെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇത് ജില്ലയിലെ മലയോര ഗ്രാമ മേഖലകളിലേക്കുള്ള യാത്രയെ കാര്യമായി ബാധിച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. സെക്രട്ടറിയേറ്റില്‍ ഹാജര്‍ നില തീരെ കുറവായിരുന്നു. മന്ത്രിമാരും ഓഫീസിലെത്തിയില്ല.