തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കോർപ്പറേറ്റ് താല്‍പര്യം സംരക്ഷിക്കാനുള്ള രഹസ്യ അജണ്ടയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സർക്കാർ എഴുതി തയ്യാറാക്കിയ തിരക്കഥയാണ് റിപ്പോർട്ടായി അവതരിപ്പിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കെ.എസ്.യു തയ്യാറാക്കിയ വിദഗ്ദ സമിതി റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്താണ് റിപ്പോർട്ട് കൈമാറിയത്.
വിദ്യാഭ്യാസത്തിന്‍റെ കാതലായ നയങ്ങളെ തകർക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് കെ. ശബരിനാഥ് എം.എൽ.എ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ എല്ലാ വശങ്ങളും തുറന്നു കാട്ടുന്നതാണ് റിപ്പോർട്ടെന്ന് കെ.എസ്.യു വ്യക്തമാക്കി. ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.