തിരുവനന്തപുരം : പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിൽ മാറ്റിവച്ച വോട്ടുപെട്ടികളിൽ ഒന്ന് കാണാതായത് അതീവ ഗൗരവകരമെന്ന് നജീബ് കാന്തപുരം എംഎൽഎ. ട്രഷറിയിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി 20 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ഇത് സംഭവത്തിന് പിന്നിലെ വൻ ഗൂഢാലോചന വെളിവാക്കുന്നതാണ്.
എണ്ണാതെ മാറ്റിവച്ച 348 പോസ്റ്റൽ വോട്ടുകൾ മാനദണ്ഡം പാലിക്കപ്പെടാത്തതാണ്. ഇതിനാലാണ് ഈ വോട്ടുകള്‍ അസാധുവാക്കിയത്. ഇക്കാര്യം അന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും അംഗീകരിച്ചതാണ്. വോട്ടുകൾ സാധുവാണെന്ന് ഇടതുസ്ഥാനാർഥിയും അവകാശവാദം ഉന്നയിക്കുന്നില്ല.
വോട്ടുകൾ അസാധുവായതിൽ ഉദ്യോഗസ്ഥ വീഴ്‌ചയുണ്ടായി എന്നാണ് ആരോപണം. ഇതിനെ നിയമപരമായി നേരിടും. വോട്ടുപെട്ടി കാണാതായ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഇതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിൽ പരാതി നൽകുമെന്നും നജീബ് കാന്തപുരം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഇടതുസ്ഥാനാർഥി പലതരത്തിൽ ശ്രമിക്കുന്നുണ്ട്. ഇതിൽ ആശങ്കയുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ, വോട്ട് ചെയ്‌ത ബാലറ്റ് കവറിൽ ഒപ്പുവച്ചില്ല എന്ന കാരണത്താലാണ് അന്ന് സപെഷ്യൽ തപാൽ വോട്ടുകൾ എണ്ണാതിരുന്നത്.
ഇതിനെതിരെ ഇടതുസ്ഥാനാർഥിയായ കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പടെ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനായി നിർദേശമുണ്ടായിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വോട്ടുപെട്ടി കാണാനില്ലെന്ന കാര്യം കണ്ടെത്തിയത്.
സ്‌പെഷ്യൽ തപാല്‍ വോട്ട് വിഷയത്തിലെ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പെട്ടി കാണാതായത്. ഇത് പിന്നീട് ജില്ല സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയത്.