തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എന്‍.വാസുവും അംഗമായി കെ.എസ്. രവിയും ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഈശ്വര വിശ്വാസവും ക്ഷേത്രാചാരവും സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി ദൈവനാമത്തില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊട്ടാരക്കര പൂവത്തൂര്‍ സ്വദേശിയായ എന്‍. വാസു രണ്ടുതവണ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണറായിരുന്നു. കൊട്ടാരക്കര, കൊല്ലം കോടതികളില്‍ അഭിഭാഷകനായിരുന്ന വാസു വിജിലന്‍സ് ട്രൈബ്യൂണലിലൂടെ സര്‍ക്കാര്‍ സര്‍വീസിലെത്തി. 1979 ലും 1988 ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പി.കെ.ഗുരുദാസന്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം നോമിനിയാണ്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അഭിഭാഷകനായ കെ.എസ്. രവി. ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു. കിസാന്‍സഭ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി.ശങ്കരദാസ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.