തിരുവനന്തപുരം: റോഡുകളിൽ സ്ഥാപിച്ച എഐ കാമറകൾക്ക് പുറമെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ അധിഷ്‌ഠിത എഐ കാമറ സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സർക്കാരിന്‍റെ പരിഗണനയ്ക്കായി അയച്ചു. ഗതാഗത നിയമലംഘനങ്ങൾ അപ്പാടെ തുടച്ചുനീക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി ഇങ്ങനെ: പദ്ധതിക്കായി 300 കോടിയെങ്കിലും ചെലവാകുമെന്നാണ് ഏകദേശ കണക്കുകൂട്ടൽ. ഡ്രോൺ എഐ കാമറകൾ വഴി ആകാശമാര്‍ഗം എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. ഏതുതരം ഡ്രോണുകളാണ് ഇതിന് അനുയോജ്യമായതെന്ന് തെരഞ്ഞെടുക്കാന്‍ വിവിധ ഐഐടികളുടെ സഹായവും മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സഹായവും ലഭിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ഡ്രോൺ അധിഷ്‌ഠിത എഐ കാമറ സംവിധാനം വഴി ഏതുതരം നിയമലംഘനങ്ങളാണ് കണ്ടെത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിവാദങ്ങളുടെ എഐ കാമറ: പ്രതിപക്ഷം ഉന്നയിച്ച വിവാദങ്ങൾ വകവെക്കാതെ സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 726 എഐ കാമറകൾ വഴി ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെയും കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റോഡ് അപകടത്തില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടപ്പോൾ എഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞു.
നിയമലംഘനങ്ങള്‍ കണക്കുകളില്‍: കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്‌തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെൽട്രോണിനോട് നിർദേശിച്ചതായും ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു.
ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെയുള്ള കണക്ക് പ്രകാരം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (73887). സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തത് (30213), കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് (57032), കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് (49775), മൊബൈൽ ഫോൺ ഉപയോഗം (1846), ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് (1818) എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.