തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സമിതി. ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിനിടയിൽ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തുനിന്ന് കേൾക്കുന്നതെന്നും ജില്ല കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതി യോഗത്തിൽ താക്കീത് ചെയ്‌തു. സിപിഎമ്മിനെ വെട്ടിലാക്കിയ കോർപ്പറേഷൻ നിയമനം അടക്കം നിരവധി ആരോപണങ്ങളാണ് തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നിന്നും കേൾക്കാനിടിയായത്.
ഇത് പാർട്ടിക്ക് മേൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനുപുറമെയാണ് സംസ്ഥാന നേതൃത്വം തന്നെ നേരിട്ട് ജില്ലാ കമ്മിറ്റിക്കെതിരെ താക്കീത് ചെയ്യുന്നത്. പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തി നടത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും എത്ര നഷ്‌ടമുണ്ടായാലും അക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകാരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും പിടികൂടണം, ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിനിടെ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തുനിന്ന് കേൾക്കുന്നതെന്നും എം വി ഗോവിന്ദൻ സംസ്ഥാന സമിതി യോഗത്തിൽ പറഞ്ഞു.