തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് സ്വപ്‌ന സുരേഷിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കുക. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി വാഗ്‌ദാനം ചെയ്‌തു എന്ന സ്വപ്‌നയുടെ ആരോപണത്തിനെതിരെയാണ് ഹർജി.
ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം. ഈ കഴിഞ്ഞ മാര്‍ച്ച് 9-ാം തിയതിയായിരുന്നു സ്വപ്‌ന സ്വരേഷിന്‍റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എം വി ഗോവിന്ദനടക്കമുള്ളവർക്ക് എതിരെ സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉയര്‍ത്തിയത്.
മുഖ്യമന്ത്രിക്ക് എതിരെയുള്ള പരാതി പിന്‍വലിക്കാനായി കണ്ണൂര്‍ സ്വദേശി വിജയ് പിള്ള മുഖേന എം വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തു എന്നും ഇല്ലെങ്കില്‍ തന്നെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും സ്വപ്‌നക്കെതിരെ നിയമപരമായി നീങ്ങുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണം എന്നും അല്ലെങ്കില്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് എം വി ഗോവിന്ദന്‍ സ്വപ്‌ന സുരേഷിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍, മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല, നിയമ നടപടിയെ നേരിടുമെന്നും ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സ്വപ്‌ന ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. പിന്നാലെയാണ് തളിപ്പറമ്പ് കോടതിയില്‍ എം വി ഗോവിന്ദൻ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുന്നത്. സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് സ്വപ്‌ന സുരേഷിനെതിരെ കേസ് എടുത്തിരുന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.
ആരോപണങ്ങൾ പുച്ഛിച്ച് തള്ളി സിപിഎം : സ്വപ്‌നയുടെ ആരോപണങ്ങൾ സിപിഎം പുച്ഛിച്ച് തള്ളുകയായിരുന്നു. സ്വർണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തു വന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്‌താവിച്ചത്. സ്വർണക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണെന്നും അതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതും സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാവുന്ന കാര്യമാണെന്നാണ് സിപിഎം പറഞ്ഞത്.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ ആരോപണങ്ങൾ പിൻവലിക്കാൻ വാഗ്‌ദാനം നൽകി എന്ന ആരോപണം നട്ടാൽ പൊടിക്കാത്ത നുണയാണെന്നും സിപിഎം വാദിച്ചു. ഇതിന്‍റെ പേരിൽ പാർട്ടിക്കും സർക്കാരിനുമെതിരെ കള്ള പ്രചാര വേലകൾ അഴിച്ചുവിടാനാണ് ചില മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അത്തരത്തിൽ തയ്യാറാക്കുന്ന തിരക്കഥകളിൽ പുതിയ കഥകൾ ഇനിയും കൂട്ടിച്ചേർക്കപ്പെടുമെന്നത് വ്യക്തമാണെന്നും സിപിഎം ആരോപിച്ചു. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള സംഘപരിവാർ നീക്കമാണിതെന്നും സിപിഎം കൂട്ടിച്ചേർത്തു.