തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയെ വേട്ടയാടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. സ്വർണക്കടത്ത് ആരോപണം പോലെ തെളിവില്ലാതെ ഇതും അവസാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുദ്ധ അസംബന്ധം ഉന്നയിച്ച ശേഷം മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ആവശ്യം. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ക്ഷുഭിതനായി, സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി നൽകി. തോന്നിവാസം പറഞ്ഞ ശേഷം മറുപടി ആവശ്യപ്പെടുകയാണ്. ഇത്തരം അസംബന്ധങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിക്ക് മറുപടി പറയാനാകില്ല.
അന്വേഷണം അവസാനിച്ച ശേഷം മുഖ്യമന്ത്രി പറയേണ്ടത് പറയും. മുഖ്യമന്ത്രിക്കെതിരെ 'ആരോപണം ആരോപണം' എന്ന് പറയുന്നുണ്ട്. എന്നാൽ, എന്താണ് ഇതെന്ന് കൃത്യമായി പറയുന്നില്ല. ഇതിലൊന്നും മറുപടി പറയേണ്ട കാര്യമില്ല. പദ്ധതിയിൽ ഉപകരാറിൽ ഏർപ്പെട്ട പ്രസാഡിയോ എന്ന കമ്പനിയുമായി യാതൊരു ബന്ധവുമില്ല. സർക്കാറിന് കെൽട്രോണുമായാണ് കരാർ. കെൽട്രോണാണ് വിവിധ കമ്പനികളുമായി ഉപകരാർ ഒപ്പിട്ടത്. വലിയ പദ്ധതികളിൽ എല്ലാം ഉപകരാറുകൾ നൽകിയാണ് നടപ്പിലാക്കുന്നത്. അതാണ് ഇവിടെയും സംഭവിച്ചത്.
പ്രതിപക്ഷ ആരോപണങ്ങള്‍ക്കെല്ലാം മറുപടി: പ്രസാഡിയോ കമ്പനിയുടെ അദ്‌ഭുതകരമായ വളർച്ച സംബന്ധിച്ച ചോദ്യത്തിനും എംവി ഗോവിന്ദൻ ക്ഷുഭിതനായി. മറ്റ് കമ്പനികളുടെ അത്ര ഈ കമ്പനി വളർന്നിട്ടില്ല എന്നായിരുന്നു മറുപടി. പ്രതിപക്ഷ ആരോപണങ്ങളെ തള്ളി സർക്കാറിനെ പൂർണമായി ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. മൂന്നുദിവസമായി ചേർന്ന സിപിഎം നേതൃയോഗങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ പരസ്യമായി ഒരു നിലപാട് സിപിഎം എടുത്തത്. നേരത്തെ ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാം സർക്കാർ ഇക്കാര്യം പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമെടുത്ത നിലപാട്.
ഈ നിലപാടില്‍ നിന്ന് വിഭിന്നമായി പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകി വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. ഇതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻപ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാർത്താസമ്മേളനം.
നയാപൈസയുടെ അഴിമതി നടക്കാത്ത പദ്ധതിയാണിതെന്നാണ് എംവി ഗോവിന്ദന്‍, എഐ ക്യാമറ വിവാദത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച ക്യാമറ പദ്ധതിയുടെ നടത്തിപ്പടക്കമുള്ള എല്ലാ ഉത്തരവാദിത്തവും കെൽട്രോണിനാണ്. കരാർ സംബന്ധിച്ചും ഉപകരണങ്ങള്‍ സംബന്ധിച്ചും കെൽട്രോൺ ഒരു കാര്യവും മൂടിവച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.